സിഡ്നി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിൽ രണ്ടാമതെത്തി സൂപ്പർ താരം വിരാട് കോഹ്ലി. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ഏകദിനത്തില്‍ 54 റണ്‍സ് നേടിയ ഇന്നിംഗ്സോടെയാണ് കോഹ്ലി രണ്ടാമതെത്തിയത്.
കോലിക്ക് നിലവില്‍ 14,255 റണ്‍സായി. 14234 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയാണ് കോലി മറികടന്നത്. 452 ഇന്നിംഗ്സില്‍ 18,426 റണ്‍സ് നേടിയ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (13,704), മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (13,439) എന്നിവര്‍ കോലിക്ക് പിന്നിലായി.
ടി20യും ഏകദിനവും ഒന്നിച്ചെടുത്താന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 18,143 റണ്‍സാണ് കോലി നേടിയത്. ഈ മത്സരത്തിലൂടെ കോലി സച്ചിനെ മറികടക്കുകയായിരുന്നു. 14,255 റണ്‍സ് ഏകദിനത്തിലും 4188 റണ്‍സ് ടി20 ഫോര്‍മാറ്റിലും.
അതേസമയം, സച്ചിന് ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. അതില്‍ 10 റണ്‍സിന് പുറത്താവുകയും ചെയ്തു. കുമാര്‍ സംഗക്കാര (15,616), രോഹിത് ശര്‍മ (15,601), മഹേല ജയവര്‍ധനെ (14,143), റിക്കി പോണ്ടിംഗ് (14,105) എന്നിവര്‍ പിന്നിലായി.
സിഡ്നിയില്‍ ഓസീസിനെതിരെ 81 പന്തില്‍ 74 റണ്‍സുമായി കോഹ്ലി പുറത്താവാതെ നിന്നിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന് വിജയിച്ചു.